കാർബൺ തുലിത മീനങ്ങാടി
1. ആമുഖം
ഭൗമോപരിതലത്തില്‍ അനുഭവപ്പെടുന്ന മഴ, അന്തരീക്ഷ താപനില, വായു പ്രവാഹങ്ങള്‍, ജലപ്രവാഹങ്ങള്‍, മഞ്ഞ് തുടങ്ങിയ ഭൗതിക സാഹചര്യങ്ങളുടെ ചാക്രിക പ്രവര്‍ത്തനങ്ങളില്‍ ഒരു ദീര്‍ഘകാലത്തേക്ക് - ദശാബ്ദക്കാലത്തിനുമപ്പുറത്തേക്ക് - അനുഭവപ്പെടുന്ന സ്ഥായിയായ വ്യതിയാനങ്ങളെ കാലാവസ്ഥാ വ്യതിയാനം എന്നു പറയാം. ഭൗമാന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ - കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, നീരാവി, ഓസോണ്‍ - ആധിക്യം സൂര്യനില്‍നിന്നുള്ള താപവികിരണങ്ങളെ ആഗിരണം ചെയ്ത് ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും തന്മൂലം ഭൗമോപരിതലത്തിലെ താപനില ഉയരുകയും ചെയ്യും. ഇത് ഭൂമിയിലെ മനുഷ്യകുലമുള്പ്പെടുന്ന ജീവി വര്‍ഗ്ഗങ്ങളുടെ നിലനില്പ് അപകടത്തിലാക്കുമെന്ന് ശാസ്ത്ര സമൂഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഭൂമി ഉണ്ടായതിനുശേഷം ഇന്നുവരെ അതിന്റെ അന്തരീക്ഷം അനവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട ്. എന്നാല്‍ അതൊക്കെയും ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ വളരെ സാവധാനം ക്രമപ്രവൃദ്ധമായി ഉണ്ടായിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ അത്തരം മാറ്റങ്ങളോട് പൊരുത്തപ്പെട്ടുതന്നെയാണ് മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗം പരിണാമപ്രക്രിയയിലൂടെ ഇന്നത്തെ അവസ്ഥയിലെത്തിയത്. എന്നാല്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലുണ്ടാകുന്ന സ്ഥായിയായ വലിയ മാറ്റങ്ങളാകട്ടെ വളരെ ചെറിയൊരു കാലയളവിനുള്ളിലാണ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് നൂറ്റാണ്ടുകളോളം അതായത് 1950 വരെയും 300 പി.പി.എം. (State Action Plan on Climate Change)നു മുകളിലേക്ക് ഉയര്‍ന്നു നിന്നിട്ടില്ല. എന്നാലിന്ന് അത് 400 പി. പി. എമ്മിനും മേലെയാണ്. ഭൗമോപരിതല താപനിലയില്‍ 1.1 ഡിഗ്രിയുടെ സ്ഥായിയായ വര്‍ദ്ധനവും സംഭവിച്ചു കഴിഞ്ഞു. ഇത് സ്വാഭാവിക പ്രകൃതിയിലുണ്ടാകുന്ന മാറ്റമല്ല മറിച്ച് ലോകമെമ്പാടുമുള്ള മനുഷ്യ രാശിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമാണ് ഈ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്ന് കാലാവസ്ഥാ വ്യതിയാനം എന്നത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം എന്നാണ് അര്‍ത്ഥമാക്കുന്നത്.
വ്യവസായ വിപ്ലവത്തിനുശേഷം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ വന്ന വര്‍ദ്ധനവും ജീവിതനിലവാരത്തിലും ശൈലിയിലുമുള്ള മാറ്റങ്ങള്‍ കൊണ്ടു വന്ന ഉപഭോഗ രീതികളും പുതിയ ഉല്പാദന രീതികളുമൊക്കെ ഹരിതഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള ബഹിര്‍ഗമനത്തിനു കാരണമായി. ഇതില്‍ ഭൂരിഭാഗവും വികസിത രാഷ്ട്രങ്ങളുടെ സംഭാവനയുമാണ്. ഓരോ സമ്പദ് വ്യവസ്ഥകളുടെയും വളര്‍ച്ചക്ക് ആനുപാതികമായി ആഗോള കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെയും മറ്റു രാസമാലിന്യങ്ങളുടെയും അളവിലും വര്ദ്ധനവുണ്ടായിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് അതിലൊരു മാറ്റം കൊണ്ടുവരാനുദ്ദേശിച്ചു കൊണ്ട് ആഗോള കാലാവസ്ഥാ ഉടമ്പടിയുണ്ടാകുന്നത്.
ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങളുടെ അളവ് കണക്കാക്കുന്നതിന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇക്വിവലെന്സി എന്ന അളവാണ് ഉപയോഗിച്ചു വരുന്നത്. ഉദാഹരണത്തിന് മീഥേയ്ന്‍ വാതകത്തിന്റെ ജി ഡബ്ല്യു പി21 ആണ്. അതായത് ഒരു മീഥേയ്ന്‍ തന്മാത്ര 100 വര്‍ഷം കൊണ്ട് ആഗോള കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രഭാവം 21 കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്മാത്രകളുണ്ടാക്കുന്ന പ്രഭാവത്തിനു തുല്യമാണ്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഒറ്റ യൂണിറ്റില്‍ കണക്കുകൂട്ടുന്ന അവസരങ്ങളില്‍ ഓരോ യൂണിറ്റ് മിഥേയ്ന്‍ വാതകത്തെയും 21 യൂണിറ്റ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആയാണ് പരിഗണിക്കുന്നത്.
1992 ജൂണില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ചു നടന്ന ലോക ഭൗമോച്ചകോടിയിലാണ് പരിസ്ഥിതിക്കു വേണ്ടിയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്വെന്ഷന് ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പിറവിയെടുത്തത്. 1994 മാര്‍ച്ച് 21ന് ഈ ഉടമ്പടി നിലവില്‍ വരികയും ചെയ്തു. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറച്ചു കൊണ്ടു വരിക വഴി കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഒരു സംയുക്ത ഉടമ്പടിയായിരുന്നു അത്. പാരിസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ താപനിലവര്‍ദ്ധനവ് 1.5 ഡിഗ്രി സെന്റീഗ്രേഡിനുള്ളില് നിലനിര്‍ത്തുന്ന വിധത്തില്‍ ഉല്പാദന - ഉപഭോഗ രീതികളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാക്കപ്പെട്ട സമൂഹങ്ങള്‍ക്ക് സഹായവും നഷ്ടപരിഹാരവും നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. ഓരോ രാജ്യങ്ങളും പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിലവിലുള്ള അളവ് കണക്കാക്കുകയും അവയ്ക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു. ഇതനുസരിച്ച് ഈ കരാറിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ക്ക് ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറച്ചു കൊണ്ടു വരുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അത്തരം പദ്ധതികള്‍ നടപ്പിലാക്കപ്പെടുന്നതിനുള്ള സാങ്കേതിക - സാമ്പത്തിക സഹായവും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനു തുടര്‍ച്ചയായി ഭാരത സര്‍ക്കാര്‍ ഓരോ സംസ്ഥാനങ്ങളോടും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കാനും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും വികസനപ്രവര്‍ത്തനങ്ങളിലും കാലാവസ്ഥയും പരിസ്ഥിതിയും പരിഗണിക്കപ്പെടണമെന്നും നിര്‍ദ്ദേശമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം കാര്‍ബണ്‍ തുലിത ജില്ല എന്ന ആശയം അവതരിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ചു പോകില്ല എന്ന പൊതു ബോധത്തെ തിരുത്താനും അതിനുമപ്പുറം പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നും കൂടുതല്‍ തൊഴില്‍ - വരുമാന അവസരങ്ങള്‍ ഉണ്ടാക്കുമെന്നു തെളിയിക്കാനുമുള്ള ബോധപൂര്‍വമായ ഒരു ഇടപെടലാണ് കാര്‍ബണ്‍ തുലിത ജില്ല എന്ന പദ്ധതി.
2. കാര്‍ബണ്‍തുലിത വയനാട്
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജില്ല വയനാട് ആണെന്ന് പഠനങ്ങളും കണക്കുകളും സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനുള്ള സംസ്ഥാന പ്രവര്‍ത്തന പദ്ധതി അതു ശരിവെക്കുന്നുമുണ്ട്. കൂടാതെ സംസ്ഥാനത്തെ അതിരൂക്ഷ വരള്‍ച്ചാ സാധ്യത പ്രദേശങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കും പെടുന്നു. മഴനിഴല്‍ പ്രദേശത്താലധികരിച്ച വയനാട് ജില്ലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനുഭവപ്പെടുന്ന ജലക്ഷാമവും അതിനെത്തുടര്‍ന്നുള്ള കാര്‍ഷികത്തകര്‍ച്ചയും തുടരാനുള്ള സാധ്യതകളാണധികവും. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുന്ന വികസന പദ്ധതികളും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രഭാവത്തെ ലഘൂകരിക്കുന്ന ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്കുന്നതിനുമായി കാര്‍ബണ്‍ തുലിത വയനാട് എന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
3. കാര്‍ബണ്‍ തുലിത മീനങ്ങാടി ഗ്രാമ പഞ്ചായത്ത്
ഒരു തുടക്കമെന്ന നിലയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലുള്‍പ്പെടുന്ന മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരും പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയാണ് കാര്‍ബണ്‍ തുലിത മീനങ്ങാടി ഗ്രാമ പഞ്ചായത്ത് എന്ന പദ്ധതിയുണ്ടാകുന്നത്.
മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ദൈനം ദിന ജീവിത പ്രവര്‍ത്തനങ്ങളിലൂടെയും കാര്‍ഷിക - വ്യാവസായിക - വികസന പ്രവര്‍ത്തനങ്ങളിലൂടെയും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. അതേ സമയം പഞ്ചായത്തിലെ സസ്യ ജാല സമൂഹവും മണ്ണും ഹരിതഗൃഹവാതകങ്ങളിലെ പ്രധാനിയായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ട്. പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെയും സ്വാംശീകരിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകങ്ങളുടെയും അളവ് തുല്യമായിരിക്കുന്ന അവസ്ഥയാണ് കാര്‍ബണ്‍ തുലിതം.
നിലവിലുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചു കൊണ്ടു വരികയും കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ സ്വാംശീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ വിപുലപ്പെടുത്തുകയും ചെയ്യുക വഴി കാര്‍ബണ്‍ തുലിത അവസ്ഥ നേടിയെടുക്കാം.
ഇതില്‍ ആദ്യപടിയായി നിലവിലെ ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന്റെ അളവ് നിജപ്പെടുത്തണം. അതിനു ശേഷം നിലവില്‍ സസ്യജാലങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ടിട്ടുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും കണ്ടെത്തണം. ബഹിര്‍ഗമനത്തിന്റെയും ശേഖരത്തിന്റെയും വ്യത്യാസം കണ്ടുപിടിക്കുകയും ആ വ്യത്യാസം കുറച്ചു കൊണ്ടു വരുന്നതിനുള്ള വികസന പദ്ധതികള്‍ കണ്ടെത്തി ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം. വളരെയധികം ബഹുജന പിന്തുണ ആവശ്യമുള്ള പ്രക്രിയയായതിനാല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ - പഠന പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളിലുള്ള ആളുകള്‍ക്കായി സംഘടിപ്പിക്കണം. കാര്‍ബണ്‍ തുലിത പഞ്ചായത്ത് എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് തദ്ദേശവാസികളില്‍ കഴിവും പ്രാപ്തിയും വളര്‍ത്തുകയും വേണം.
4. ട്രീ ബാങ്കിംഗ്
മനുഷ്യന്റെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന കാര്‍ബണിനെ വൃക്ഷങ്ങളിലേക്കും മണ്ണിലേക്കും സ്വാംശീകരിച്ച് അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. ചിലയിനം വൃക്ഷങ്ങള്‍ വളരെ കാര്യക്ഷമമായി ഈ കര്‍മം നിറവേറ്റുന്നുണ്ട്. വീടുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ പരമാവധി വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുക വഴി കാര്‍ബണ്‍ തുലിത പദവി കൈവരിക്കാനാകും.
വൃക്ഷങ്ങള്‍ നട്ടു നനച്ച് പരിപാലിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാരിസ്ഥിതികമായും സാമ്പത്തികമായും സമൂഹത്തിനും വ്യക്തിക്കും പ്രയോജനപ്രദമായ ഒരു പ്രവര്ത്തനമാണെന്നാകിലും വ്യക്തികളെ സംബന്ധിച്ച് വരുമാനം ലഭിക്കുവാനായി കാത്തിരിക്കേണ്ട കാലം അതി ദീര്‍ഘമാണ്. ഒരു വ്യക്തിയുടെ ജീവിത കാലയളവില്‍ ആ വ്യക്തിക്കു തന്നെ നേരിട്ടുള്ള സാമ്പത്തികനേട്ടം ലഭ്യമാകാത്തിടത്തോളം വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തി സംരക്ഷിക്കുന്നത് ഒരു നഷ്ടക്കച്ചവടമായി മാത്രമേ പരിഗണിക്കുകയുള്ളൂ.
ഒരു പ്രാദേശിക ഭരണകൂടത്തെ സംബന്ധിച്ചാകട്ടെ പ്രദേശത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള പാരിസ്ഥിതിക - സാമ്പത്തിക വളര്‍ച്ചയാണ് പ്രധാനപ്പെട്ടത്. അങ്ങനെ വ്യക്തിയുടെ താല്പര്യവും സമൂഹത്തിന്റെ താല്പര്യങ്ങളും ഒന്നിച്ചു വരാത്ത അപൂര്‍വം ചില മേഖലകളിലൊന്നാണ് ഇത്. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തയ്യാറുള്ള വ്യക്തികളുടെ ജീവിത കാലയളവില്‍ത്തന്നെ സാമ്പത്തിക നേട്ടം ലഭ്യമാക്കുക മാത്രമാണ് ഇതിനൊരു പോംവഴി.
അതായത് ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാവുന്ന ഒരു സാമ്പത്തിക നേട്ടത്തെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഒരു ഭാഗം ഇപ്പോള്‍ത്തന്നെ ലഭ്യമാക്കുവാന്‍ കഴിഞ്ഞാല്‍ അത് പ്രാദേശിക പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും. അത്തരമൊരു പദ്ധതിയാണ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മുന്നോട്ടു വെക്കുന്നത്.
ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ വൃക്ഷങ്ങള്‍ നട്ടു വളര്‍ത്താന്‍ താല്പര്യമുള്ളവരെ കണ്ടെത്തി, അവര്‍ നടുന്ന വൃക്ഷങ്ങളുടെ മേല്‍ ഗ്രാമ പഞ്ചായത്ത് പങ്കാളിത്ത ഉടമാവകാശം സ്ഥാപിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കു മുഖാന്തിരം ഗുണഭോക്താവിനു വാര്‍ഷിക ഗഡുക്കളായി പണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
5. ലക്ഷ്യങ്ങള്‍
6. പദ്ധതി പ്രവര്‍ത്തനം
തടി മൂല്യം, കായ് കനികളുടെ ഉല്പാദനക്ഷമത, കാര്‍ബണ്‍ സ്വാംശീകരണത്തിനുള്ള കഴിവ് എന്നിവ പരിഗണിച്ചു കൊണ്ട് പ്രദേശത്ത് വളര്‍ത്താന്‍ പറ്റുന്ന വൃക്ഷങ്ങളുടെ ഒരു ലിസ്റ്റ് വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കി അത്തരം വൃക്ഷങ്ങളുടെ തൈകള്‍ ലഭ്യമാക്കുന്നതിനുള്ള നഴ്സറികള്‍ സജ്ജമാക്കുന്നു.
ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കാര്‍ബണ്‍ തുലിത പഞ്ചായത്ത് സാങ്കേതിക സമിതി സെല്ലിന്റെ സഹായത്തോടെ വൃക്ഷങ്ങളെ ആഡിറ്റ് ചെയ്യുന്നതിനുള്ള ഒരു സമിതിയെ സംഘടിപ്പിക്കുന്നു.
ഈ പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര് ആവശ്യമുള്ള വൃക്ഷത്തൈകളുടെ എണ്ണം ഇനം എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷകള്‍ പഞ്ചായത്ത് ചുമതലപ്പെടുത്തിയ പഞ്ചായത്ത് സാങ്കേതിക സമിതി സെല്ലില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകള്‍ പരിശോധിച്ച് നല്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ തൊഴിലുറപ്പു സേന അപേക്ഷകരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുകൊടുക്കുകയും നട്ട സ്ഥലങ്ങളുടെ ലൊക്കേഷന്‍ ജി.പി.എസ് ഉപയോഗിച്ച് രേഖപ്പെടുത്തുകയും ചെയ്യും.
ഓരോ വര്‍ഷവും വൃക്ഷത്തൈകളുടെ വളര്‍ച്ചയും സ്ഥിതിയും തൊഴിലുറപ്പു സേന നേരിട്ട് കണ്ട് പഞ്ചായത്ത് സാങ്കേതിക സമിതി സെല്ലിന് റിപ്പോര്‍ട്ട് ചെയ്യും.
ഗുണഭോക്താവും ഗ്രാമ പഞ്ചായത്തും തമ്മില്‍ ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് ചുമതലപ്പെടുത്തിയ സഹകരണ ബാങ്ക് ഓരോ വൃക്ഷത്തൈകള്‍ക്കും പ്രതിവര്‍ഷം 500 രൂപാ വീതം ഗുണഭോക്താവിനു നല്‍കും.
വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം ഗ്രാമ പഞ്ചായത്തിനായിരിക്കും. എങ്കിലും പഞ്ചായത്ത് ഭരണസമിതി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്നതിനനുസരിച്ച് ഗുണഭോക്താവിന് ആകെ ലഭിച്ച തുകയും വൃക്ഷങ്ങള്‍ മുറിക്കുമ്പോള്‍ ലഭിക്കുന്ന വിപണി വിലയും തമ്മിലുള്ള വ്യത്യാസത്തിന്റെ - ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്ന ലാഭത്തിന്റെ - ഒരു വിഹിതം (10% മുതല്‍ 50% വരെ) ഗുണഭോക്താവിനു നല്‍കുന്നതായിരിക്കും.