ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കബിനിയുടെ കൈവഴികളൊഴുകുന്ന ഈ ഭൂമിയില്‍ അതിപുരാതനകാലം മുതല്‍ തന്നെ ജനങ്ങള്‍ അധിവസിച്ചിരുന്നു എന്നതിനു തെളിവാണ് മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിക്കടുത്തു കാണപ്പെടുന്ന നൂറുകണക്കിന് മുനിയറകള്‍. രണ്ടായിരത്തിലേറെ കൊല്ലം പഴക്കം കണക്കാപ്പെടുന്ന ഈ മഹാശിലാനിര്‍മ്മിതികള്‍, ഒട്ടെറെ സുസ്ഥാപിതവും, അഭിവൃദ്ധി പ്രാപിച്ചതുമായ സാമൂഹ്യ സംവിധാനമുണ്ടായിരുന്ന ഒരു ജനസഞ്ചയം ഈ പ്രദേശത്ത് ജീവിച്ചിരുന്നുവെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. മോഹന്‍ജോദാരോ, ഹാരപ്പ സംസ്കാരങ്ങളുമായി ബന്ധമുണ്ടായിരുന്ന ജനസഞ്ചയം ദക്ഷിണ കര്‍ണ്ണാടകത്തിലേക്ക് കുടിയേറിയിട്ടുള്ളതായും മൈസൂര്‍ കേന്ദ്രമായി ചരിത്രാതീതകാലത്ത് നിലനിന്നിരുന്ന ആ കാര്‍ഷികനാഗരികതയുടെ പിന്‍മുറക്കാര്‍ കബിനിയുടെ തീരം വഴി വയനാട്ടിലെത്തിയതായും ജലസേചനസൌകര്യമുള്ള താഴ്വരകളില്‍ കാര്‍ഷികജീവിതം ആരംഭിച്ചതായും അനുമാനമുണ്ട്. മീനങ്ങാടിയിലെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ പരിശോധിച്ചാല്‍ ഇവിടെ ചരിത്രാതീതകാലത്തുതന്നെ ജനവാസകേന്ദ്രങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് കാണാം. ക്രിസ്തുവിനുശേഷമുള്ള ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളെ സംഘകാലഘട്ടം എന്ന് കേരള ചരിത്രത്തില്‍ പറയുന്നുണ്ട്. അക്കാലത്ത് കാക്കനാട് എന്ന പേരിലായിരുന്നു വയനാട് അറിയപ്പെട്ടിരുന്നത്. വയനാട്, ഗൂഡല്ലൂര്‍ തുടങ്ങിയ പര്‍വ്വതപ്രദേശങ്ങള്‍ ചേര്‍ന്ന ഈ കാക്കനാടിന്റെ ഭരണാധിപത്യം കടമ്പ രാജാക്കന്മാരായിരുന്നു കൈയ്യാളിയിരുന്നത്. കടമ്പ രാജാക്കന്മാരിലൊരാളായ വിഷ്ണുവര്‍മ്മന്റെ ലിഖിതങ്ങള്‍ എടക്കല്‍ ഗുഹയുടെ ചുമരില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീവിഷ്ണു വര്‍മ്മ കുടു:ബീയ കുലവര്‍ദ്ധനസ്യ എന്നാണ് ഈ പുരാതനലിഖിതം. വൈഷ്ണവരായ കുടു:ബീയവംശജര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തിയായ മഹാവിഷ്ണുവിന്റെ ആദ്യാവതരമായ മത്സ്യത്തെ പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രം മീനങ്ങാടിയിലുണ്ടായിരുന്നുവെന്നത്, മീനങ്ങാടി പുരാതനകാലത്ത് വൈഷ്ണവരായ കുടു:ബിവിഭാഗക്കാരുടെ അധിവാസകേന്ദ്രമായിരുന്നു എന്ന സൂചന നല്‍കുന്നു. ഈ ക്ഷേത്രമാണ് പുനരുദ്ധരിക്കപ്പെട്ട മീനങ്ങാടിയിലെ മാത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. അവസാനത്തെ കുടു:ബിരാജാവിനെ നെടുംചേരലാതന്‍ എന്ന ചേരരാജാവ് കീഴടക്കി, വയനാട്ടിനെ ചേരസാമ്രാജ്യത്തിനോട് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. തുടര്‍ന്ന് തമിഴുഭാഷ സംസാരിക്കുന്ന പടയാളികള്‍ മീനങ്ങാടിയില്‍ വരുമ്പോള്‍ ഇവിടത്തെ വൈഷ്ണവജനതയെ മീനിനെ ആരാധിക്കുന്ന ജനങ്ങള്‍ എന്ന നിലയില്‍ മീനവര്‍ എന്നാണ് വിളിച്ചിരുന്നത്. മീനവര്‍ അധിവസിക്കുന്ന ഗ്രാമം എന്ന നിലയിലും, മീന്‍(വിഷ്ണുവിന്റെ മത്സ്യാവതാരം) പ്രതിഷ്ഠയുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ടും കര്‍ണ്ണാടകത്തില്‍ നിന്നത്തിയ കുടിയേറ്റക്കാര്‍ മീന്‍ അങ്കിടി എന്ന് ഈ പ്രദേശത്തെ വിളിച്ചുതുടങ്ങി. കന്നടഭാഷയില്‍ അങ്കിടി എന്നാല്‍ ഗ്രാമം, ക്ഷേത്രം എന്നീ അര്‍ത്ഥങ്ങളുണ്ട്. മീന്‍ അങ്കിടിയാണ് മലയാളീകരിച്ച് മീനങ്ങാടിയായിത്തീര്‍ന്നത്. ചേരരാജാക്കന്മാരുടെ ആധിപത്യം ക്രമേണ വയനാട്ടില്‍ ക്ഷയിച്ചുവന്നു. ചേര വംശത്തിലേക്ക് കുടു:ബിവംശത്തില്‍നിന്നും (വേട വംശം എന്നാണ് പിന്നീട് ഇവര്‍ അറിയപ്പെട്ടത്) ചിലരെ ദത്തെടുത്തതായി പതിറ്റുപ്പത്തിലെ ഏഴാം പതികത്തിലും ഐതിഹ്യങ്ങളിലും സൂചനകളുണ്ട്. വയനാട്ടിന്റെ ഭരണാധിപത്യം നേടിയെടുത്ത കുടു:ബികളായ വേടവംശജരാണ് ബേട്ടു കുറുമാര്‍ എന്നും മുല്ലൈ കുറുമ്പര്‍ എന്നും പിന്നീട് അറിയപ്പെട്ട, വയനാട്ടിലെ ഇന്നത്തെ ഊരാളികളും കുറുമ്പരും. ഏ.ഡി.പത്താം നൂറ്റാണ്ടോടുകൂടി വയനാട്ടിലെ ആധിപത്യം പൂര്‍ണ്ണമായും കുറുമ്പരുടെ കീഴിലായി. പതിനെട്ടിലേറെ കോട്ടകള്‍ കെട്ടി നാടുവാണിരുന്ന കുറുമ്പര്‍ക്ക്, വേടര്‍ക്കരശന്‍ എന്ന രാജാവും ഇളവരശന്‍ എന്ന ഉപരാജാവും, തലച്ചില്‍ ചൊല്ലുമൂപ്പന്‍, നാലപ്പാടി കുന്നുമൂപ്പന്‍ എന്നിങ്ങനെ നാടുവാഴികളുമുള്ള ഗോത്രഭരണ സമ്പ്രദായമാണുണ്ടായിരുന്നത്. മീനങ്ങാടിയിലെ കാട്ടകുന്ന്, കോട്ടൂര്‍തലച്ചില്‍, അപ്പാടുതലച്ചില്‍, കൊങ്ങിയമ്പലം കോയിക്കല്‍ മൂപ്പന്‍, നെടിയഞ്ചരി മൂപ്പന്‍ എന്നീ സ്ഥാനങ്ങള്‍ വേടരാജാക്കന്മാരുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നു. വേടരാജാക്കന്മാരുടെ ഭരണകാലത്ത് കാട്ടുനായ്ക്കന്മാരും, പണിയരും, വയനാട്ടിലുണ്ടായിരുന്നു. പ്രാകൃതകന്നട സംസാരിക്കുന്ന കാട്ടുനായ്ക്കര്‍ ചരിത്രാതീതകാലം മുതല്‍തന്ന വയനാട്ടിലുണ്ടായിരുന്ന ജനസമൂഹമാണ്. ഇപ്പിമലയെന്ന ബാണാസുരന്‍ മലയാണ് തങ്ങളുടെ ആദിമകേന്ദ്രമെന്ന് വിശ്വസിക്കുന്ന പണിയസമുദായക്കാര്‍ നിഗ്രീറ്റോ വംശജരായതുകൊണ്ട് നരവംശശാസ്ത്രജ്ഞര്‍, നീഗ്രോകളുടെ ഉത്ഭവസ്ഥാനമായ ആഫ്രിക്കയുമായി അവര്‍ക്ക് അതിപുരാതനബന്ധമുണ്ടെന്ന് അഭിപ്രായപ്പെടുന്നു. അടിയാളരായ പണിയര്‍ വടക്കുനിന്നത്തിയ യജമാനവര്‍ഗ്ഗത്തിന്റെ അടിമകളായിരുന്നു.